പത്തുവര്‍ഷം മുമ്പ് നടന്ന മരണത്തില്‍ ദുരൂഹത ; പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകള്‍ ഓരോന്നായി അഴിക്കുന്നതിനിടയില്‍ മറ്റൊരു മരണത്തിന്റെ ദുരൂഹതകള്‍ അഴിക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച് . തിരുവനന്തപുരം ഭരതന്നൂരില്‍ പത്തുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരന്‍ ആദര്‍ശിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തു. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.

റീ പോസ്റ്റുമോര്‍ട്ടത്തിന്റെ സാധ്യതകള്‍ അനുകൂലമാണെന്ന് കാണിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്, ആദര്‍ശിന്റെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടും പരിശോധിക്കുന്നത്.

അതേ സമയം കുട്ടിയുടെ ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ നിലയിലാണ് എന്ന് ഇന്‍ക്വസ്റ്റ് നടപടികളില്‍ രേഖപ്പെടുത്തിയിട്ടും കുട്ടിയുടെ രഹസ്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്രമം നടന്നില്ല.

ഇതുമൂലം കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘമുണ്ടെന്നിരിക്കെ കടയ്ക്കലിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് ആദ്യം ആദര്‍ശിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ അന്ന് കൊണ്ടുപോയത്.

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദര്‍ശിനെ പിന്നിട് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാങ്ങോട് പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു.

പീഡനത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് കേസെടുത്ത ക്രൈംബ്രാഞ്ചെത്തിയത്.

Top