പാറ്റൂര്‍ കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം, രാഷ്ട്രീയ കളിയില്‍ കരുവായെന്ന് ഭരത് ഭൂഷണ്‍

bharath-bhushan

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഇ കെ ഭരത് ഭൂഷണ്‍.

രാഷ്ട്രീയ കളിയില്‍ കരുവായെന്ന് സംശയിക്കുന്നുവെന്നും, ജേക്കബ് തോമസ് ആരോപണവിധേയരായവരെ വ്യക്തിഹത്യ നടത്തിയെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

നേരത്തെ, സര്‍ക്കാരിന് കനത്ത തിരിച്ചടിയായി പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭരത് ഭൂഷണും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ്, ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി നല്‍കിയ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

കൂടാതെ വിജിലന്‍സ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഫ്‌ളാറ്റ് കമ്പനിക്ക് വേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും, കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്. കേസില്‍ നാലാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി.

ഫ്‌ളാറ്റ് കമ്പനിക്കുവേണ്ടി പുറമ്പോക്കില്‍ നിന്നും സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റിയത് ജലവകുപ്പിന്റെ എതിര്‍പ്പ് മറികടന്നായിരുന്നുവെന്നും ഇത് ഉമ്മന്‍ ചാണ്ടിയും അറിഞ്ഞുകൊണ്ടാണെന്നാണ് വിജിലന്‍സ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയത്. പൈപ്പ് ലൈന്‍ പുറമ്പോക്കിലല്ലെന്ന് ഫയലില്‍ കുറിച്ചത് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിക്കുകയും ചെയ്തു. പൈപ്പ് ലൈന്‍ പുറമ്പോക്കിലാണെന്ന് ജലവിഭവ വകുപ്പ് ചൂണ്ടിക്കാട്ടിയ ഫയല്‍ റവന്യൂ വകുപ്പ് ആറു മാസം പൂഴ്ത്തിവച്ചാണ് അഴിമതിക്ക് കളമൊരുക്കിയതെന്നാണ് ആരോപണം. ഇക്കാലയളവില്‍ പുറമ്പോക്കിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍, ഫ്‌ളാറ്റ് കമ്പനിക്കുവേണ്ടി അവിടെനിന്നും മാറ്റിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.

Top