ഭാരത് സീരീസ്; ഇനി സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ വേണ്ട

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് ഏകീകൃത രജിസ്ട്രേഷന്‍ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ ഇനി റീ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ബിഎച്ച് രജിസ്ട്രേഷനായി അപേക്ഷിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഒരു സംസ്ഥാനത്ത് വെച്ച് വാഹനം വാങ്ങിയാല്‍ അവിടെ രജിസ്റ്റര്‍ ചെയ്ത വാഹനം 12 മാസത്തില്‍ കൂടുതല്‍ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളില്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്ട്രേഷന്‍ നടത്തണമെന്നാണ് നിലവിലെ നിയമം. ആദ്യം രജിസ്റ്റര്‍ ചെയ്ത ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എന്‍.ഒ.സി, അവിടെ അടച്ച റോഡ് ടാക്സ് റീഫണ്ട് ചെയ്ത് റീ രജിസ്ട്രേഷന്‍ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഈ പ്രക്രിയകള്‍ ഏറെ ബുദ്ധിമുട്ടാണ് ആളുകള്‍ക്ക് സൃഷ്ടിച്ചിരുന്നത്.

എന്നാല്‍ ബിഎച്ച് സീരീസ് രാജ്യത്തൊട്ടാകെയുള്ള ഏകീകൃത സംവിധാനം ഇതിന് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഇത്തരം റീ രജിസ്ട്രേഷന്‍ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്.

വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷം തോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക. ബിഎച്ച് രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്‍.ടി.ഒ ഓഫീസുകളില്‍ പോകേണ്ടതില്ല.

 

Top