ഭാരതരത്ന നല്‍കേണ്ടത് മാപ്പ് പറയാത്തവര്‍ക്ക്; സഞ്ജയ് റാവത്തിന് കോണ്‍ഗ്രസിന്റെ മറുപടി

മുംബൈ:വീര്‍ സവര്‍ക്കറിന് ഭാരതരത്നം നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ രണ്ട് ദിവസം അദ്ദേഹത്തെ പാര്‍പ്പിച്ച ആന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ കഴിയണമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ബ്രിട്ടിഷുകാരോട് ഒരിക്കലും മാപ്പ് ചോദിക്കാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗം മനസിലാക്കാന്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുണയ്ക്കുന്നവര്‍ പഴയ ആന്‍ഡമാന്‍ ജയില്‍ ഒരിക്കല്‍ സന്ദര്‍ശിക്കണമെന്നു കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

ജയിലില്‍ കഴിയുമ്പോള്‍ മാപ്പ് പറയാത്തത് ആരാണോ, അവര്‍ക്കാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിന് അര്‍ഹത. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുന്നതിനെതിരാണ് കോണ്‍ഗ്രസ്. എന്നാല്‍ അംബേദ്കറിനെ മതഭ്രാന്തന്‍, രാജ്യദ്രോഹി എന്നിങ്ങനെ വിളിച്ച സവര്‍ക്കറുടെ പ്രസ്താവനകളെ അവഗണിക്കാന്‍ ബിജെപി തയാറാണെങ്കില്‍ കേന്ദ്രത്തിലെ ഭൂരിപക്ഷത്തിന്റെ മാത്രം പിന്‍ബലത്തില്‍ അദ്ദേഹത്തിനു ഭാരതരത്‌ന നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

1911ന് മുമ്പ് സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ലായിരുന്നു എന്നാല്‍, 1923 ന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. ഛത്രപതി ശിവാജിയുടെ സല്‍പ്രവൃത്തികളെ ഉള്‍പ്പെടെ സവര്‍ക്കര്‍ വിമര്‍ശിച്ചിരുന്നു. തിരുവിതാംകൂര്‍ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനെ എതിര്‍ത്ത പ്രസ്ഥാനത്തെയും സവര്‍ക്കര്‍ പിന്തുണച്ചിരുന്നതായി സച്ചിന്‍ സാവന്ത് ട്വിറ്ററില്‍ പറഞ്ഞു.

1909-21 കാലഘട്ടത്തില്‍ 149 പേരെയാണ് ആന്‍ഡമാന്‍ സെല്ലുലാര്‍ ജയില്‍ അയച്ചത്. 1922 -1931നും ഇടയില്‍ 30 പേരേയും 1932-38 നും ഇടയില്‍ 386 പേരേയും അവിടേയ്ക്ക് അയച്ചു. യോഗേഷ് ശുക്ലയെപ്പോലുള്ള നിരവധി സ്വാതന്ത്ര്യസമരസേനാനികള്‍ അവിടെ ജയില്‍ ശിക്ഷ അനുഭവിക്കുകയും പിന്നീട് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. അത്തരത്തില്‍ അഭിമാനത്തോടെയും മാപ്പ് പറയാതെയും ശിക്ഷ അനുഭവിച്ചവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടതെന്ന് സച്ചിന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുന്നത് വിശകലനം ചെയ്യാനല്ല. ഭാരതരത്ന ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുമല്ല. അത് കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണെന്നും സച്ചിന്‍ സാവന്ത് കൂട്ടിച്ചേര്‍ത്തു.

Top