പരമോന്നത ബഹുമതിയെ അപമാനിച്ചു;അസം ഗായകനെതിരെ കേസ്

ഗുവാഹത്തി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നയെ അപമാനിച്ചുവെന്നാരോപിച്ച് അസമീസ് ഗായകനായ സുബീന്‍ ഗാര്‍ഗിനെതിരെ കേസ്. അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭാരതരത്‌ന പുരസ്‌കാരത്തെ മോശം വാക്കുകള്‍ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ ഗാര്‍ഗ് അപമാനിച്ചുവെന്നാണ് കേസ്. ബിജെപി നേതാവ് സത്യ രഞ്ജന്‍ ബോര്‍ഹിന്റെ പരാതിയിലാണ് നടപടി. തനിക്ക് സുബീന്‍ ഗാര്‍ഗുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും എന്നാല്‍ ദേശീയ പുരസ്‌കാരത്തോട് അനാദരവ് പ്രകടിപ്പിച്ചത് ശരിയായില്ലെന്നും ബോര്‍ഹ് പരാതിയില്‍ പറഞ്ഞു.

നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുബീന്‍ രംഗത്തെത്തിയിരുന്നു.തന്റെ പാട്ടുകളില്‍ നിന്ന് ബിജെപി നേടിയ വോട്ടുകള്‍ തിരികെ നല്‍കാമെങ്കില്‍ 2016ല്‍ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതിന് തനിക്കു നല്‍കിയ പ്രതിഫലം തിരികെ നല്‍കാമെന്നും ഗാര്‍ഗ് പറഞ്ഞിരുന്നു.

Top