ബിഹാർ മുൻ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന

ദില്ലി : രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന കര്‍പ്പൂരി താക്കൂറിന്. രാജ്യത്തെ പിന്നാക്ക വിഭാ​ഗങ്ങളുടെ അവകാശത്തിന് പോരാടിയ നേതാവായ കര്‍പ്പൂരി താക്കൂര്‍ ബിഹാറിലെ മുൻ മുഖ്യമന്ത്രിയായിരുന്നു. ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു ഇദ്ദേഹം. ജന്മ ശതാബ്ദി വർഷത്തിലാണ് കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകുന്നത്. 1970-71, 1977-79 കാലങ്ങളിലാണ് അദ്ദേഹം ബിഹാറിൽ മുഖ്യമന്ത്രിയായിരുന്നത്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ചരൺ സിങ് തുടങ്ങിയ ഭാരതീയ ക്രാന്തി ദൾ പാര്‍ട്ടിയുടെ നേതാവായാണ് ബിഹാറിൽ അധികാരത്തിലെത്തിയത്. പിന്നീട് പാര്‍ട്ടി വിട്ട അദ്ദേഹം 1977 മുതൽ 1979 വരെ ജനതാ പാര്‍ട്ടിയിലൂടെ വീണ്ടും അധികാരത്തിലെത്തി.

ഐഎസ്എഫിലൂടെ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം 26 മാസക്കാലം ജയിലിലായിരുന്നു.

സ്വാതന്ത്ര്യാനന്തരം അധ്യാപകനായി ജോലി ആരംഭിച്ച് പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി 1955 ൽ നിയമസഭയിലെത്തി. തൊഴിലാളി സമരങ്ങളുടെയടക്കം മുൻനിര നായകനും രാജ്യത്തെ സോഷ്യലിസ്റ്റ് മൂവ്മെന്റിലെ പ്രധാന നേതാവുമായിരുന്നു.

Top