ഭാരത് ജോഡോ യാത്ര; പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാലാണ് രാഹുൽ ഗാന്ധിക്ക് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനാകാത്തത്. കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശാണ് വിവരം അറിയിച്ചത്. പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഏഴിന് ആരംഭിച്ച് മാസാവസാനത്തോടെയാണ് അവസാനിക്കുക.

രാഹുലിനെ കൂടാതെ കെ സി വേണുഗോപാലും ദിഗ്‌വിജയ സിംഗും പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്നും ജയ്റാം രമേശ് വ്യക്തമാക്കി. 3 എംപിമാരും കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പദയാത്രയിൽ തുടർച്ചയായി നടക്കുന്നുണ്ടെന്നും വരാനിരിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ കുറിച്ച് ലോക്സഭ സ്പീക്കറെയും ചെയർമാനെയും അറിയിക്കുമെന്നും രമേശ് അറിയിച്ചു.

Top