ഭാരത് ജോഡോ യാത്രാ ; ഫ്‌ളക്‌സുകൾ നീക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവുകൾ ഇറക്കിയിട്ടും നടപ്പാക്കാത്തത് ഭരണപരാജയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകാൻ പാടില്ലായിരുന്നുവെന്നും ഭാരത് ജോഡോ യാത്രയിൽ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് രാഷ്ട്രീയ പാർട്ടിയുടെ ഹുങ്കാണെന്നും ഹൈക്കോടതി വിമർശിച്ചു.

അറിഞ്ഞു കൊണ്ട് തന്നെ നിയമലംഘനം നടത്തിയെന്നും അനധികൃത ഫ്‌ളക്‌സ് ബോർഡുകളുടെ കാര്യത്തിൽ കോടതി ഇടപെടുമ്പോൾ ജഡ്ജിക്കെതിരെ വിമർശനം ഉണ്ടാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ജനാധിപത്യമല്ലാതെ മറ്റൊരു അജണ്ടയും കോടതിയ്ക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

പേര് വയ്ക്കാതെ ഫ്‌ളക്‌സ് ബോർഡുകൾ അടിച്ച ഏജൻസികളെ കണ്ടെത്തണമെന്നും അനധികൃത ബോർഡുകൾ സ്ഥാപിച്ച ഏജൻസികൾക്കെതിരെനടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബോർഡുകൾ സ്ഥാപിക്കാൻ ആരാണ് അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്ന് കുട്ടി വീണത് സംബന്ധിച്ചാണ് എന്താണ് വിശദീകരണമെന്നും ഹൈക്കോടതി ചോദിച്ചു. ജീവനക്കാരുടെ മനോഭാവം മാറണമെന്നും കോടതി നിർദേശിച്ചു.

Top