ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച ഹരിയാനയിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ യാത്രയെ സംസ്ഥാനത്തേക്ക് വരവേറ്റു. നൂഹ് ജില്ലയിലെ മുകന്ദ അതിര്‍ത്തി വഴിയാണ് രാജസ്ഥാനില്‍ നിന്നും യാത്ര ഹരിയാനയിലേക്ക് കടന്നത്. രാജസ്ഥാനില്‍ നിന്നും ഹരിയാനയിലേക്ക് യാത്ര കടക്കുമ്പോള്‍ രാഹുലിനോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമുണ്ടായിരുന്നു. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ദീപേന്ദര്‍ സിംഗ് ഹൂഡ, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഉദയ് ബന്‍ എന്നിവരടക്കം അതിര്‍ത്തിയില്‍ യാത്രയെ സ്വാഗതം ചെയ്യാനെത്തി.

സംസ്ഥാനത്തെ ആദ്യ ഘട്ട യാത്ര ഡിസംബര്‍ 23ന് അവസാനിക്കും. ജനുവരി ആറിന് ഉത്തര്‍ പ്രദേശിലെ പാനിപ്പത്ത് ജില്ലയിലെ സനോലി കുര്‍ദിലൂടെ വീണ്ടും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതോടെ രണ്ടാം ഘട്ട യാത്ര ആരംഭിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 15 ദിവസമാണ് യാത്ര നടന്നത്. 485 കിലോമീറ്റര്‍ ദൂരമാണ് രാജസ്ഥാനില്‍ യാത്ര പിന്നിട്ടത്. ബിജെപിയടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ പറയുന്നത് ജനങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ദിവസങ്ങളില്‍ ബിജെപി, എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും ജനങ്ങളും തമ്മില്‍ വലിയ വിടവാണുള്ളത്. ജനങ്ങളെ കേള്‍ക്കേണ്ട ആവശ്യമില്ലെന്നാണ് നേതാക്കള്‍ കരുതുന്നത്. എന്നിട്ട് മണിക്കൂറുകളോളം പ്രസംഗിക്കും. ഈ ശൈലിയെ മാറ്റാനാണ് യാത്ര കൊണ്ട് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയിലേക്ക് കടക്കും. ഡല്‍ഹിയിലെ ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് യാത്ര ആരംഭിക്കും. ആശ്രം ചൗക്കില്‍ യാത്ര അവസാനിക്കും. ഉച്ച ഭക്ഷണത്തിന് ശേഷം ആശ്രം ചൗക്കില്‍ നിന്ന് മധുര റോഡ് വഴി ഇന്ത്യ ഗേറ്റിലൂടെ ചെങ്കോട്ടയിലെത്തും. ചെങ്കോട്ടയില്‍ നടക്കുന്ന യോഗത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.

Top