‘ഭാരത് ജോഡോ യാത്ര ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം’; നന്ദിയറിയിച്ച് രാഹുൽ ഗാന്ധി

ദില്ലി : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രക്ക് കശ്മീരിൽ സമാപനം. കോൺഗ്രസിന് ദേശീയതലത്തിൽ പുതിയ ഊർജം നൽകിയ ഭാരത് ജോഡോക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്ന് രാഹുൽ ഗാന്ധി. യാത്ര വിജയമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് യാത്രയിലൂടെ ലഭിച്ചതെന്നും അദ്ദേഹം കശ്മീരിൽ പറഞ്ഞു. വിദ്വേഷത്തിനെതിരായ, സ്റ്റേഹത്തിന്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോട് പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവൻ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സ്വന്തം കുടുംബത്തിലേക്ക് വന്ന അനുഭവമാണ് കശ്മീരിലെത്തിയപ്പോഴുണ്ടായതെന്നും തന്റെ പൂർവികർ കശ്മീരിൽ നിന്നാണ് അലഹബാദിലേക്ക് കുടിയേറിയതെന്നും അദ്ദേഹം ഓർമ്മിച്ചു. ജമ്മു കശ്മീരിലെ ഇന്നത്തെ സ്ഥിതിയിൽ ജനങ്ങൾ തൃപ്തരല്ല. തൊഴില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ കടുത്ത അതൃപ്തിയിലാണ്. കശ്മീർ പുന:സംഘടനാ വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ടെന്നും രാഹുൽ വിശദീകരിച്ചു. പദയാത്രയുടെ സമാപന ദിവസം മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. പക്ഷപാതിത്വ നിലപാടാണ് പല മാധ്യമങ്ങളും സ്വീകരിക്കുന്നതെന്നും മാധ്യമങ്ങൾ പ്രതിപക്ഷത്തെ സഹായിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്രക്ക് സമാപനമായി. നാളെ നടക്കുന്ന പൊതു സമ്മേളനത്തോടെ ഭാരത് ജോഡോ യാത്രക്ക് സമാപനമാകും. പന്താചൗക്കിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങിയ പദ യാത്ര 12 മണിക്ക് ലാൽ ചൗക്കിലാണ് അവസാനിച്ചത്. തുടർന്ന് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയതോടെ പദയാത്രക്ക് സമാപനമായി. നാളെ നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്രയിൽ 13 കക്ഷികൾ പങ്കെടുക്കും. പങ്കെടുക്കാത്ത പാ‍ർട്ടികൾക്കെതിരെ വിമർശനവുമായി കോണഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ജെഡിയു ,ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്, സി പി എം തുടങ്ങിയ കക്ഷികളാണ് പ്രധാനമായും വിട്ടു നിൽക്കുന്നത്.

Top