ഭാരത് ജേഡോ യാത്ര; വാര്‍ഷികാഘോഷവും പദയാത്രകളും സെപ്റ്റംബര്‍ 7 ന്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികമായ സെപ്റ്റംബര്‍ ഏഴിന് എഐസിസി ആഹ്വാനം അനുസരിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പദയാത്രകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിനും ആറിനും ഇടയില്‍ നടക്കുന്ന പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി.വേണുഗോപാല്‍ എം പി നിര്‍വഹിക്കും.വിളക്കുംതറ മൈതാനിയില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് നടക്കുന്ന പദയാത്രയ്ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും നേതൃത്വം നല്‍കും. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം നടക്കും.

രമേശ് ചെന്നിത്തല തിരുവനന്തപുരത്തും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കൊല്ലത്തും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ആലപ്പുഴയിലും ആന്റോ ആന്റണി എംപി പത്തനംതിട്ടയിലും ബെന്നി ബെഹന്നാന്‍ എം പി കോട്ടയത്തും ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കിയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എറണാകുളത്തും എഐസിസി സെക്രട്ടറി വിശ്വനാഥപെരുമാള്‍ തൃശ്ശൂരും വി കെ ശ്രീകണ്ഠന്‍ എംപി പാലക്കാടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മലപ്പുറത്തും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോടും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി .സിദ്ധിഖ് എംഎല്‍എ വയനാടും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി കാസര്‍ഗോഡും പദയാത്രകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.ഡിസിസി പ്രസിഡന്റുമാര്‍, ജില്ലകളില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, എഐസിസി അംഗങ്ങള്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ അതത് ജില്ലകളില്‍ നടക്കുന്ന പദയാത്രകളില്‍ പങ്കെടുക്കും.

Top