ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; പ്രത്യേകിച്ച് സ്ഥാപിക്കേണ്ടതില്ലെന്ന് ആര്‍എസ്എസ്‌

സമാൽഘ: ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നും ഭരണഘടനാപരമായി സ്ഥാപിക്കപ്പെടേണ്ടതില്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബോലെ. ഹിന്ദു രാഷ്ട്രം എന്നത് സംസ്‌കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രവും രാജ്യവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്നും ദത്താത്രേയ പറഞ്ഞു. രാഷ്ട്രം ഒരു സാംസ്‌കാരിയ സങ്കൽപ്പമാണ്. രാജ്യം എന്നത് ഭരണഘടനയാൽ സ്ഥാപിക്കപ്പെട്ടതാണ്. കഴിഞ്ഞ 100 വർഷമായി ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ഞങ്ങൾ പറയുന്നത് അതൊരു സാംസ്‌കാരിക ആശയമാണ്, സൈദ്ധാന്തികമല്ല എന്നാണ്. ഭാരതം ഇപ്പോൾ തന്നെ ഒരു ഹിന്ദുരാഷ്ട്രമാണ്. അതിനെ ഹിന്ദു രാഷ്ട്രമായി വീണ്ടും പ്രഖ്യാപിക്കേണ്ടതില്ല-ദത്താത്രേയ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, 2026ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുമെന്ന് ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ രാജാ സിങ് പറഞ്ഞിരുന്നു.

‘അഖണ്ഡ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ഹിന്ദുക്കൾ ആവശ്യപ്പെടുകയാണ്. 50 മുസ്ലിം രാജ്യങ്ങളും 150 ക്രിസ്ത്യൻ രാജ്യങ്ങളും ആകാമെങ്കിൽ എന്തുകൊണ്ട് ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയ്ക്ക് ഹിന്ദുരാഷ്ട്രമായിക്കൂടാ. 2025ലൊ 2026ലൊ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടും. ഇത് എന്റെ ആവശ്യമല്ല. എല്ലാ സന്ന്യാസിമാരുടേയും ഗർജനമാണ്.’ രാജാ സിങ് പറഞ്ഞു.

Top