5000 കോടി സമാഹരിച്ച് ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനി ഭാരത് എഫ്‌ഐഎച്ച്

മുംബൈ: ആപ്പിളിന്റെ ഐഫോണും ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളും നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനിയായ ഭാരത് എഫ്‌ഐഎച്ച് പ്രാരംഭ ഓഹരി വില്പന വഴി 5000 കോടി സമാഹരിക്കുന്നു.

ഐപിഒയ്ക്കുവേണ്ടി സെബിയില്‍ പത്രിക സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഓഹരികളിലൂടെ 2,500 കോടിയും ഓഫര്‍ ഫോര്‍ സെയില്‍വഴി 2,500 കോടി രൂപയുമാകും സമാഹരിക്കുക.

രാജ്യത്ത് നിലവിലുള്ള ഫാക്ടറികളുടെ നവീകരണത്തിനും വിപുലീകരണത്തിനുമാകും നിക്ഷേപം പ്രയോജനപ്പെടുത്തുക. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി, ബിഎന്‍പി പാരിബാസ് തുടങ്ങിയവയാണ് ഐപിഒ നടപടികള്‍ക്ക് നേതൃത്വംനല്‍കുന്നത്.

നിലവില്‍ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ മൂന്ന് കാമ്പസുകളിലാണ് ഭാരത് എഫ്‌ഐഎച്ചിന്റെ പ്രവര്‍ത്തനം. നിര്‍മാണം, വെയര്‍ഹൗസിങ്, ലോജിസ്റ്റിക്‌സ് എന്നീമേഖലകളിലാണ് പ്രധാനമായും കമ്പനി ഇടപെടുന്നത്.

ഐഐടിയുടെ റിസര്‍ച്ച് പാര്‍ക്കില്‍ ഈയിടെ ഗവേഷണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഭാരത് എഫ്‌ഐഎച്ചിന്റെ മാതൃകമ്പനി ഹോങ്കോങിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Top