ഐ.ടി കമ്പനി വിറ്റ ഇന്ത്യന്‍- അമേരിക്കന്‍ ദമ്പതികള്‍ക്ക് ലഭിച്ചത് രണ്ടു ബില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികളായ ഭരത് ദേശായിയും നീരജ് സേഥിയും തങ്ങളുടെ ഐ.ടി സര്‍വീസ് കമ്പനിയായ സിന്റല്‍, ഫ്രഞ്ച് ഐ.ടി ഭീമനായ അത്തോസിനു വിറ്റു. 3.4 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് നടന്നത്. ദമ്പതികള്‍ക്ക് കമ്പനിയുടെ 57 ശതമാനം ഓഹരിയാണ് സ്വന്തമായുണ്ടായിരുന്നത്.

കൈമാറ്റത്തിലൂടെ ദമ്പതികള്‍ക്ക് ഏകദേശം രണ്ടു ബില്യണ്‍ ഡോളറാണ് ലഭിച്ചത്. കെനിയയയില്‍ ജനിക്കുകയും മോംബാസയിലും, അഹമ്മദാബാദിലുമായി വളരുകയും ചെയ്ത ദേശായി ഐ.ഐ.ടി ബോംബെയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗിലാണ് ബിരുദം നേടിയത്. ടി.സി.എസില്‍ കുറച്ചു കാലം ജോലി ചെയ്ത ശേഷം എം.ബി.എ പഠനത്തിനായി യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ എത്തി.

1980 ല്‍ എം.ബി.എ പഠനത്തിനായി പഠിച്ചു കൊണ്ടിരിക്കെയാണ് നീരജ് സേഥിയുമായി ചേര്‍ന്ന് കമ്പനി രൂപീകരിക്കുന്നത്. ഇരുവരും പിന്നീടാണ് വിവാഹിതരായത്. ടി.സി.എസിന്റെ മോഡലിലുള്ള കമ്പനിയായിരുന്നു തുടക്കത്തില്‍. രണ്ടായിരം ഡോളര്‍ മുതല്‍ മുടക്കി തുടങ്ങിയ കമ്പനിയുടെ ആദ്യ വര്‍ഷത്തെ വരുമാനം മുപ്പതിനായിരം ഡോളറായിരുന്നു. 1982 ല്‍ ജനറല്‍ മോട്ടോഴ്‌സിനെ ക്ലയിന്റായി ലഭിച്ചത് കമ്പനിക്ക് മുതല്‍ക്കൂട്ടായിരുന്നു.

Neerja-Sethi--600x450

സ്വന്തമായി ബിസിനസ് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുന്നത് താല്‍പര്യമില്ലാത്ത കാര്യമായിരുന്നുവെന്നും, അതുകൊണ്ടാണ് സ്വന്തം കമ്പനി തുടങ്ങിയതെന്നും, ഡയറക്ടര്‍ ബോര്‍ഡിലെ ഏറ്റവും കടുപ്പക്കാരി ഭാര്യയാണെന്നും ഭരത് ദേശായി പറഞ്ഞിട്ടുണ്ട്. ഐ.ടി സ്റ്റാഫിംഗ് കമ്പനിയായാണ് സിന്റല്‍ തുടക്കമിട്ടതെങ്കിലും പിന്നീട് ഐ.ടി ആപ്ലിക്കേഷന്‍സ് സര്‍വീസസ് കമ്പനിയായി രൂപാന്തരപ്പെടുകയായിരുന്നു. ഫോബ്‌സ് മാസിക തയാറാക്കിയ അമേരിക്കയിലെ മികച്ച 200 ചെറുകിട കമ്പനികളില്‍ രണ്ടാം സ്ഥാനം സിന്റല്‍ നേടിയിരുന്നു.

neeraja-600x400

2016 ല്‍ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശായിയും, സേഥിയും ബില്യണയര്‍മാരുടെ ലിസ്റ്റില്‍ നിന്ന് പുറത്താവുകയുണ്ടായി. പക്ഷേ, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സിന്റല്‍ തുടക്കമിട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇന്‍ഫോസിസിനു സമാരംഭമാകുന്നത്. പ്രമുഖ ഐടി കമ്പനികയെ പോലെ സിന്റലിന് കഴിഞ്ഞില്ലെങ്കിലും മികച്ചൊരു കമ്പനിയെന്ന് ഖ്യാതി നിലനിറുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

Top