കൊവിഡ് വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കരുതെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ എടുക്കുന്ന കുട്ടികള്‍ക്ക് വേദനസംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ട ആവശ്യമില്ലെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക്. ഇന്ത്യയില്‍ 15 വയസിന് മുകളിലുള്ളവര്‍ക്ക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ നല്‍കുന്നതിനുള്ള അടിയന്തിര അനുമതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് 18 വയസിന് താഴെയുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ രാജ്യത്തെ ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൊവാക്‌സിനോടൊപ്പം 500 ഗ്രാമിന്റെ മൂന്ന് ഡോസ് പാരസെറ്റാമോള്‍ ടാബ്‌ലറ്റുകളും നല്‍കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ വിശദീകരണം എത്തിയിരിക്കുന്നത്.

തങ്ങള്‍ നടത്തിയ പഠനങ്ങളില്‍ കൊവാക്‌സിന്‍ സ്വീകരിച്ച ബഹുഭൂരിപക്ഷം പേരിലും കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അതിനാല്‍ തന്നെ അനാവശ്യമായി വേദനസംഹാരികളോ പാരസെറ്റമോളോ കഴിക്കേണ്ട കാര്യമില്ലെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ തന്നെ ആരോഗ്യവിദഗ്ദ്ധന്റെ നിര്‍ദേശമനുസരിച്ച് മാത്രം മരുന്ന് കഴിച്ചാല്‍ മതിയെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.

അതേസമയം മറ്റ് ചില കൊവിഡ് വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ പോലുള്ള ഗുളികകള്‍ കഴിക്കേണ്ടി വരുമെന്നും എന്നാല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ ഇത്തരം മരുന്നുകള്‍ കഴിക്കേണ്ടതില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Top