വാക്‌സിന്‍ വില വര്‍ധിപ്പിക്കണമെന്ന് ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാക്‌സിന്റെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. നിലവില്‍ 150 മുതല്‍ 210 രൂപ വരെ നല്‍കിയാണ് കൊവിഷില്‍ഡും കൊവാകീസിനും വാങ്ങിയിരുന്നത്. ഇതു പോരെന്നും വാക്‌സീന്‍ വില വര്‍ധിപ്പിച്ചാല്‍ മാത്രമേ ഭാവിയിലെ വാക്‌സീന്‍ ഗവേഷണത്തിനും വിതരണത്തിനും നിര്‍മ്മാണത്തിനുമുള്ള മൂലധനം കണ്ടെത്താന്‍ സാധിക്കൂവെന്നുമാണ് ഇരുകമ്പനികളുടേയും നിലപാട്.

ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ കമ്പനികള്‍ അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വന്‍തുകയാണ് തങ്ങള്‍ വാക്‌സീന്‍ ഗവേഷണത്തിനും നിര്‍മ്മാണത്തിനുമായി ചിലവാക്കിയതെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയില്‍ 1.10 കോടി ഡോസ് കൊവിഷില്‍ഡ് വാക്‌സീന്‍ 200 രൂപയ്ക്കും 55 ലക്ഷം കൊവാക്‌സീന്‍ ഡോസുകള്‍ 206 രൂപയ്ക്കുമാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയത്. സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയാണ് നിലവില്‍ കൊവാക്‌സീന്‍ കൊടുക്കുന്നത്.

 

Top