മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ‘ഭാരത് ബയോട്ടെക്’

കുത്തിവെക്കുന്ന വാക്‌സിനു പിന്നാലെ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ‘ഭാരത് ബയോട്ടെക്’. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്റെ ട്രയലിനായി ഡിജിസിഐ(ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ് ‘ഭാരത് ബയോട്ടെക്’. അതേസമയം ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനായി ഇവര്‍ക്ക് ഡിജിസിഐ അനുവാദം നല്‍കിയതായും വാര്‍ത്തയുണ്ട്.

കൊവിഡ് പ്രതിരോധിക്കുന്നതിന് ആള്‍ട്ടിമ്മ്യൂണ്‍ എന്ന അമേരിക്കന്‍ കമ്പനി നിര്‍മ്മിച്ച നേസല്‍ വാക്‌സിന്‍ (നാസികയില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ ) ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം ഉപയോഗപ്പെടുകയെന്നും പഠനം പറയുന്നു.

മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയുമെല്ലാമാണ് വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുക. ഏറിയ പങ്കും മൂക്കിലൂടെയാണ് വൈറസ് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിലടിക്കുന്ന സ്‌പ്രേ വൈറസ് പെരുകുന്നത് തടയുമെന്നും അതുവഴി ഫലപ്രദമായി കൊവിഡിനെ പ്രതിരോധിക്കുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്.

‘ആള്‍ട്ടിമ്മ്യൂണി’ന്റെ നേസല്‍ വാക്സിനേഷന്‍ 18 മുതല്‍ 55 വരെ പ്രായം വരുന്നവരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്രേത ഇപ്പോള്‍. ഇതുവരെയുള്ള ഫലങ്ങള്‍ ‘പൊസിറ്റീവ്’ ആണെന്നാണ് ട്രയലിന് നേതൃത്വം നല്‍കുന്ന ഡോ. ബഡ്ഡി ക്രീക്ക് അവകാശപ്പെടുന്നത്. കുത്തിവെക്കുന്ന വാക്സിനേഷനെ അപേക്ഷിച്ച് കുറെക്കൂടി ഉപയോഗിക്കാന്‍ സൗകര്യമുള്ളതും വില കുറഞ്ഞതുമാണെന്നതും നേസല്‍ വാക്സിനേഷന്റെ പ്രത്യേകതകളാണ്. ട്രയലിന് ശേഷം അനുമതി ലഭിച്ചാല്‍ ഒരുപക്ഷേ കുത്തിവയ്ക്കുന്ന വാക്സിനെക്കാള്‍ അധികമായി ഉപയോഗിക്കപ്പെടുന്ന വാക്സിനായി ഇത് മാറുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

Top