ഭാരത് ബന്ദ്; സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ചത്തെ ബന്ദിന് പ്രതിപക്ഷ സംഘടനകളും പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്. സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം. പ്രതിഷേധ പ്രകടനങ്ങളിലടക്കം സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അനിഷ്ട സംഭവങ്ങള്‍ രാജ്യത്തെവിടെയും ഉണ്ടാകാന്‍ പാടില്ല. അക്കാര്യം ഉറപ്പുവരുത്താന്‍ തക്കവിധമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശമുണ്ട്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദ് ആചരിക്കുന്നത്. കേരളത്തെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ദിവസങ്ങളായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും ശനിയാഴ്ച പരാജയപ്പെട്ടിരുന്നു.

Top