ഇന്ന് ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ഭാരത് ബന്ദ്

ന്യൂഡല്‍ഹി: ദളിത്-ആദിവാസി സംഘടനകള്‍ ഇന്ന് രാജ്യത്ത് സംയുക്ത ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷം ആദിവാസി കുടുംകബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആദിവാസികള്‍ക്കുള്ള വനാവകാശം സംരക്ഷിക്കണം യുജിസി ഫാക്കല്‍റ്റി തസ്തികകളില്‍ സംവരണം നല്‍കണം എന്നീ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്.

ഫെബ്രുവരി 13നാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. പിന്നീട് 28ന് വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷ അംഗീകരിച്ചായിരുന്നു കോടതി തീരുമാനം. വനാവകാശ നിയമപ്രകാരം എന്തുകൊണ്ടാണ് ഇത്രയും ആദിവാസികളുടെ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. തള്ളിയ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായില്ല എന്ന് ചീഫ് സെക്രട്ടറിമാരും വിശദീകണം നല്‍കണം.വിഷയത്തില്‍ ഇടപെടാതെ സോളിസിറ്റര്‍ ജനറല്‍ ഉറങ്ങുകയാണോ എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു.

നിലവിലെ സാഹചര്യത്തില്‍ സ്റ്റേ എപ്പോള്‍ വേണമെങ്കിലും മാറാമെന്നതിനാലാണ് ദളിത്-ആദിവാസി സംഘടനകള്‍ ഭാരത് ബന്ദ് നടത്തുന്നത്.

Top