രവിശാസ്ത്രി നിര്‍ദ്ദേശിച്ചു, ഭരത് അരുണിനെ ഇന്ത്യന്‍ ടീം ബൗളിങ് പരിശീലകനായി നിയമിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി ഭരത് അരുണിനെ നിയമിച്ച് ബി.സി.സി.ഐ.

പുതുതായി നിയമിതനായ പരിശീലകന്‍ രവിശാസ്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് അരുണിനെ ബൗളിങ് കോച്ചാക്കിയത്. നേരത്തെ സഹീര്‍ഖാനെ ബൗളിങ് പരിശീലക സ്ഥാനത്തേക്ക് നിയമിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് ബി.സി.സി.ഐ തള്ളിയിരുന്നു. ബി.സി.സി.ഐയുടെ നാലംഗ കമ്മിറ്റിയുമായി ശാസ്ത്രി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അരുണിന്റെ നിയമനത്തില്‍ തീരുമാനമായത്. സഞ്ജയ് ബാംഗറെ ടീമിന്റെ സഹപരിശീലകനായും നിയമിച്ചിട്ടുണ്ട്.

നേരത്തെ ടീം ഡയറക്ടറായിരുന്നപ്പോഴും ഇരുവരും ശാസ്ത്രിയുടെ കോച്ചിങ് ടീമിലുണ്ടായിരുന്നു. ഫീല്‍ഡിങ് കോച്ചിങ് സ്ഥാനത്ത് ആര്‍ ശ്രീധര്‍ എത്തിയതോടെ ശാസ്ത്രിയുടെ പരിശീലക പട്ടിക പൂര്‍ത്തിയായിട്ടുണ്ട്. ഇരുവരുടെയും നിയമനം രണ്ടുവര്‍ഷത്തേക്കാണ്.

അതേസമയം അരുണ്‍ നിലവില്‍ ഐ.പി.എല്ലിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും പരിശീലകസ്ഥാനത്തുണ്ട്. ഭിന്നതാല്‍പര്യത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഈ സ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹം രാജിവച്ചേക്കും.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, വി.ബി തിരുവള്ളൂര്‍ വീരന്‍സ് എന്നീ ടീമുകളെയാണ് അരുണ്‍ പരിശീലിപ്പിക്കുന്നത്. നേരത്തെ ബൗളിങ് പരിശീലകനാവുമെന്ന് കരുതിയ സഹീര്‍ഖാനും രാഹുല്‍ ദ്രാവിഡും ടീമിന്റെ ഉപദേശകരായിട്ടുണ്ടാവുമെന്ന് ശാസ്ത്രി വ്യക്തമാക്കി. ഇരുവരോടും താന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ടീമിന് അവര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി, ആക്ടിങ് ബോര്‍ഡ് പ്രസിഡന്റ് സി.കെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, സുപ്രിംകോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഡയാന എഡുല്‍ഡി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

ദ്രാവിഡിന്റെയും സഹീറിന്റെയും നിയമനത്തില്‍ തീരുമാനമെടുക്കേണ്ടതും ഇതേ കമ്മിറ്റിയാണ്. നേരത്തെ ബി.സി.സി.ഐ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ദ്രാവിഡിനെയും സഹീറിനെയും നിയമിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ അംഗീകാരമില്ലാത്തതിനാല്‍ ഇതിന് ഔദ്യോഗിക അംഗീകാരം ലഭിക്കില്ലെന്ന് വിനോദ് റായ് പറഞ്ഞിരുന്നു.

Top