രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജയ്പുര്‍: രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേം ചന്ദ് ഭൈരവയും ഭജന്‍ലാല്‍ സിങ്ങിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ജയ്പുരിലെ ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍വെച്ചായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും സത്യപ്രതിജ്ഞ ചടങ്ങില്‍ വേദി പങ്കിട്ടു. ഗജേന്ദ്ര സിങ് ഷെഖാവതിനെതിരേ നിരന്തരം അഴിമതി ആരോപണവുമായി ഗെലോട്ട്‌
രംഗത്തെത്തുന്നതിനിടെയാണ് ഇരുവരും അടുത്തടുത്ത ഇരിപ്പിടങ്ങളിലായി വേദി പങ്കിട്ടത് എന്നതും ശ്രദ്ധേയമാണ്.മുന്‍ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, സതീഷ് പുനിയ അടക്കമുള്ളവരുമായി ഗെഹ്ലോത് സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെയും ചടങ്ങില്‍ പങ്കെടുത്തു.

Top