ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുടൂബില്‍ സ്ത്രീകള്‍ക്കെതിരായി അശ്ലീല പരാമാര്‍ശം നടത്തിയ യൂടൂബര്‍ വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.

അതിക്രമിച്ച് മുറിയില്‍ കയറി വിജയ് പി. നായരെ ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം സംസാരിച്ച് പരിഹരിക്കാനാണ് പോയതെന്നും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഇവ പോലീസിന് കൈമാറിയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍, ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.

Top