മീ ടു ക്യാമ്പെയിന്‍; മുകേഷ് മറുപടി പറയണമെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: നടന്‍ മുകേഷിനെതിരായ മീ ടു ക്യാമ്പെയിന്‍ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംഭവത്തില്‍ മുകേഷ് മറുപടി പറയണമെന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി മുമ്പേ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്യുന്നു. കുറവുകള്‍ നോക്കി അമ്മ നടപടിയെടുക്കുകയാണെങ്കില്‍ സംഘടനയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

Top