സ്ത്രീവിരുദ്ധമായ പരാമർശം; വിജയ് പി. നായരെകൊണ്ട് മാപ്പു പറയിപ്പിച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം മാപ്പു പറയിപ്പിച്ചു.  ഭാഗ്യലക്ഷ്മിയുടെ പേര് പറയാതെ പറഞ്ഞുകൊണ്ട് മലയാള സിനിമയിലെ ഡബിംഗ് ആർട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാമർശം. ഈ പരാമർശത്തിൽ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിൽ നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ചേർന്ന് പ്രതിഷേധം അറിയിച്ചത്.

വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ സംഘം ഇയാളുടെ മേൽ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ദേഹത്ത് സംഘം കരി ഓയില്‍ ഒഴിച്ചത്.
പ്രതിഷേധത്തിനൊടുവില്‍ കേരളത്തിലെ സ്ത്രീകളോട് ഇയാള്‍ മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നു എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് അപമാനിച്ചയാളെ കയ്യേറ്റം ചെയ്തതെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്‍മി. നിയമം കയ്യില്‍ എടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹം. ഇത്രയും തെറിവിളിച്ചപ്പോള്‍ സംരക്ഷിക്കാന്‍ ആരുമുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യട്ടെ, ഇതിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

Top