bhagyalakshmi-facebook post-rape case

തിരുവനന്തപുരം: തൃശൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് യുവതി. വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തന്‍ അടക്കം നാലുപേര്‍ ബലാത്സംഗം ചെയ്തെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

ജയന്തന്റെ സഹോദരന്‍ ബിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റു മൂന്നുപേർ. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് യുവതിയും ഭര്‍ത്താവും കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഭീഷണിപ്പെടുത്തി മൊഴിമാറ്റിപറയിപ്പിച്ചെന്ന് യുവതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസും സമ്മര്‍ദ്ദം ചെലുത്തി, തിരുത്തുപറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസെന്നും യുവതി പറഞ്ഞു.
കുട്ടികളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മൊഴി നല്‍കുന്ന സമയം ഭര്‍ത്താവിനെ കാറില്‍ തടഞ്ഞുവച്ചിരുന്നു.

പൊലീസില്‍ കൊടുത്ത മൊഴി താന്‍ മാറ്റിയിട്ടില്ലെന്ന് യുവതി പറഞ്ഞു. പരാതി തത്കാലം പിന്‍വലിക്കണമെന്ന് മാത്രമാണ് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. സമ്മര്‍ദ്ദമുണ്ടോയെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ കരയുകയാണുണ്ടായത്.

പൊലീസിനും കൗണ്‍സിലര്‍ക്കുമെതിരെ ഒരു മാതൃകാ നടപടിയെങ്കിലും എടുക്കണമെന്ന് ഇരയായ സ്ത്രീ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു ക്രൂരമാനഭംഗത്തിനു പിന്നാലെ പൊലീസിന്റെ പീഡനം കൂടി നേരിടേണ്ടി വന്ന യുവതിയുടെ അനുഭവം ഭാഗ്യലക്ഷ്മി പങ്കുവച്ചിരുന്നത്.

രണ്ടു ദിവസം മുന്‍പാണു ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. രണ്ടു വര്‍ഷം മുന്‍പാണു കൂട്ട മാനഭംഗമുണ്ടായത്. ഇതിനു ശേഷം ഇന്നോളം പെണ്‍കുട്ടിക്കു സാധാരണ ജീവിതത്തിലേക്ക് എത്താനായിട്ടില്ല. ഭര്‍ത്താവിനു സുഖമില്ലെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയായിരുന്നു സുഹൃത്തുക്കളുടെ പീഡനം.

അതേസമയം, ഭര്‍ത്താവിന്റെ സുഹൃത്തുക്കളാല്‍ കൂട്ടമാനഭംഗത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് ഇന്നു പരാതി നല്‍കുമെന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു.

Top