Bezwada Wilson, T M Krishna Win Ramon Magsaysay Award All India

ന്യൂഡല്‍ഹി: കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണയ്ക്കും സാമൂഹിക പ്രവര്‍ത്തകന്‍ ബേസ്‌വദ വില്‍സണും ഈ വര്‍ഷത്തെ മാഗ്‌സസെ പുരസ്‌കാരം.

ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി.എം കൃഷ്ണയെ സംസ്‌കാരത്തിലെ സാമൂഹിക സംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. ജാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നവയാണ് ടി.എം കൃഷ്ണയുടെ സംഗീതമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

തോട്ടിപ്പണിക്കാരായ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്റെ ദേശീയ കണ്‍വീനറാണ് പുരസ്‌കാരത്തിന് അര്‍ഹനായ ബേസ്വദ വില്‍സണ്‍. 500 ജില്ലകളിലായി 7000 ത്തോളം അംഗങ്ങളുള്ള സംഘടനയാണ് സഫായി കര്‍മചാരി ആന്ദോളന്‍.

തോട്ടിപ്പണിക്കാരില്‍ സംഘബോധം വളര്‍ത്തി ഒരു കുടക്കീഴില്‍ അവരെ അണിനരത്തി തോട്ടിപ്പണി നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം.

രാജ്യത്തെ പ്രമുഖ ദളിത് പ്രവര്‍ത്തകരില്‍ ഒരാളുമാണ് ബേസ്വദ വില്‍സണ്‍. 1986 ലാണ് ബേസ്‌വദ വില്‍സണ്‍ തോട്ടിപ്പണിക്ക് അന്ത്യം കുറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

ഇവര്‍ക്ക് പുറമെ ജപ്പാന്‍ ഓവര്‍സീസ് കോര്‍പറേഷന്‍ വോളന്റീയേഴ്‌സ്, ലാവോസിലെ വിയന്റിനെ റെസ്‌ക്യു,ഫിലിപ്പീന്‍സില്‍ നിന്നുള്ള കോഞ്ചിത കാര്‍പിയോ മൊരാലസ് ഇന്തോനേഷ്യയില്‍ നിന്നുള്ള ഡോംപെ ദൗഫ, എന്നിവരും ഈ വര്‍ഷത്തെ രമണ്‍ മാഗ്‌സസെ അവാര്‍ഡിന് അര്‍ഹരായി.

Top