ഇറാനുമായി മറ്റു രാജ്യങ്ങള്‍ ബന്ധം തുടര്‍ന്നാല്‍ അമേരിക്കയ്ക്ക് ബന്ധമില്ലെന്ന് …

വാഷിംങ്ങ്ടണ്‍:ഇറാനുമായി ആരെങ്കിലും സാമ്പത്തിക ബന്ധം തുടരുകയാണെങ്കില്‍ അവരുമായി അമേരിക്കക്ക് ഇനി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.ഇറാനുമായുള്ള ഉപരോധം ആരംഭിച്ച പശ്ചാത്തലത്തിലാണ് കടുത്ത നിലപാടുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ ആണവഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമെന്ന് പറഞ്ഞാണ് അമേരിക്ക ഇന്നലെ മുതല്‍ ആദ്യഘട്ട സാമ്പത്തിക ഉപരോധം ആരംഭിച്ചത്.

ഇറാന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ എണ്ണ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഉപരോധം കൊണ്ടുവരികയാണ് അമേരിക്കയുടെ അടുത്ത ശ്രമം. നവംബര്‍ 5 മുതലാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. നിലവില്‍ ഇറാന്റെ സമ്പദ് ഘടന വലിയ പ്രതിസന്ധി നേരിടുകയാണ്. പണപ്പെരുപ്പം കൂടുകയും തൊഴിലില്ലായ്മയും വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയിലാണ് ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത്.

2015ലാണ് അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയമായ ഇറാന്‍ ആണവകരാര്‍ രൂപം കൊണ്ടത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം കരാറില്‍ നിന്നും പിന്‍മാറി. കരാറുമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളുടെ വിമര്‍ശനങ്ങളും എതിര്‍പ്പും അവഗണിച്ചാണ് ട്രംപ് അത്തരമൊരു തീരുമാനം കൈകൊണ്ടത്. അതിന് മുമ്പു തന്നെ മെയ് മാസത്തില്‍ ഇറാന്‍ മേല്‍ കടുത്ത സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തില്‍ ഇളവ് ആവശ്യപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്‍ സമീപിച്ചത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ആവശ്യം അമേരിക്ക തള്ളിയിരുന്നു.

ഇറാനില്‍ നിരവധി യൂറോപ്യന്‍ കമ്പനികളാണ് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഈ സാമ്പത്തിക ഉപരോധം ശതകോടികണക്കിന് രൂപയുടെ വ്യാപാര നഷ്ടമാണ് ഉണ്ടാക്കുന്നത് 2017ല്‍ 12.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 10.1 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയുമാണ് നടന്നത്.

Top