കരുതിയിരിക്കാം ; തൃശൂര്‍ പൂരവും, കുംഭമേളയും ആക്രമിക്കുമെന്ന് ഐഎസ്‌

ന്യൂഡല്‍ഹി: തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്.

ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തുമെന്നും, തൃശൂര്‍ പൂരവും, കുംഭമേളയും നാശമാക്കുമെന്നും ശബ്ദ സന്ദേശത്തിലൂടെയാണ് ഐഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരത്തെ, കാണാതായവരടക്കം കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്ന് ഐഎസിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതുപതിലധികം പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് സ്ഥിരീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇന്റലിജന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇവരുടെ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യാജ പ്രൊഫൈലുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ആരൊക്കെയാണ് ഈ അഞ്ചുപേരെന്ന് അറിവായിട്ടില്ല. സമാന വിവരങ്ങളുമായി കേന്ദ്ര ഇന്റലിജന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നാളെ ഉന്നതപൊലീസ് സംഘം കാസര്‍കോട് എത്തും. അതെസമയം ഏതെങ്കിലും തരത്തിലുളള സന്ദേശങ്ങള്‍ കാണാതായവരില്‍ നിന്നും ലഭിച്ചാല്‍ ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാണാതായവരില്‍ നാലുപേര്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചത് നാലു ഫോണ്‍നമ്പരുകളില്‍ നിന്നാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒരു ഇന്ത്യന്‍ നമ്പറും മൂന്ന് വിദേശ നമ്പറുകളില്‍ നിന്നുമാണ് ഇവര്‍ സന്ദേശമയച്ചത്. ഈ നമ്പരുകള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. എന്നാല്‍ ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,

കാണാതവരില്‍ കാസര്‍കോടുളള ചെറുപ്പക്കാര്‍ രണ്ടുമാസത്തിനിടെ പലതവണയാണ് നാടുവിട്ടതെന്ന വിവരങ്ങള്‍ വ്യക്തമായിട്ടുണ്ട്. ബംഗല്‍രുവില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം നേടിയ അബ്ദുല്‍ റാഷിദ് അബ്ദുല്ല ബിസിനസ് ആവശ്യങ്ങള്‍ക്കെന്നും പറഞ്ഞ് ഒരുമാസം മുന്‍പാണ് വീട്ടില്‍നിന്നും ഭാര്യയോടൊപ്പം പുറപ്പെട്ടത്.ഡോ. ഇജാസും ഭാര്യ റഫീലയും മകളും ലക്ഷദ്വീപില്‍ ജോലിക്കായി പോകുന്നെന്നാണ് അറിയിച്ചിരുന്നത്.ഇജാസിന്റെ സഹോദരന്‍ ഷിയാസും കുടുംബവും മുംബൈയിലേക്കാണ് പോകുന്നതെന്നാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ അറിയിച്ചു. പാലക്കാട് നിന്നും കാണാതായ ദമ്പതികള്‍ മതം മാറിയത് കോഴിക്കോട് വെച്ചാണ്. ഇവിടെയാണ് അബ്ദുല്‍ റാഷിദ് അബ്ദുളളയും ജോലി ചെയ്തിരുന്നത്.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍,പടന്ന പഞ്ചായത്തുകളിലെ മൂന്ന് കുടുംബങ്ങളില്‍ നിന്നും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 13 പേര്‍, പാലക്കാട് ജില്ലയിലെ സഹോദരന്മാര്‍, ഇവരുടെ ഭാര്യമാരായ എറണാകുളം, തിരുവനന്തപുരം സ്വദേശികള്‍ എന്നിവരെ കാണുന്നില്ലെന്നും സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ ഇവര്‍ എത്തിയതായി സംശയിക്കുന്നെന്നും കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Top