പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണം; മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്

പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കേരള പൊലീസ് വ്യക്തമാക്കി .

രണ്ടോ മൂന്നോ സ്ത്രീകള്‍ കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്പിന്റെ കഷണം വീടിനു സമീപം വെയ്ക്കുന്നു. തുടര്‍ന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമര്‍ത്തുകയും മറ്റു രണ്ടു സ്ത്രീകള്‍ വീടിന്റെ രണ്ടു വശങ്ങളിലായി മാറിനില്‍ക്കും. വാതില്‍ തുറക്കുന്നവരോട് ആക്രിക്ക് നല്ല വില തരാമെന്ന് പറഞ്ഞ് വീടിന്റെ പിന്‍വശത്തേയ്ക്ക് പോകുമ്പോള്‍ കൂടെയുള്ളവര്‍ വീടിനകത്തു കയറി വില പിടിപ്പുള്ള വസ്തുക്കള്‍ എടുക്കും. 20 പവന്‍ സ്വര്‍ണമാണ് തൃശൂരില്‍ നിന്ന് ഇത്തരത്തില്‍ പോയതെന്നും വ്യക്തമാക്കി.

വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടു പോകാറുമുണ്ട് ഇവര്‍. അപരിചിതര്‍ വീട്ടിലേയ്ക്ക് വരുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കുവാനും കേരള പൊലീസ് പറഞ്ഞു.

Top