തട്ടിപ്പുകാർ ജാഗ്രത ! പുതിയ ടീമുമായി കേരള പൊലീസ് ഉടൻ രംഗത്തിറങ്ങും

തിരുവനന്തപുരം: പുതിയ കാലത്തെ തട്ടിപ്പുകള്‍ മുന്‍ നിര്‍ത്തി കേരള പൊലീസും തന്ത്രങ്ങള്‍ മാറ്റുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കേരള പൊലീസിന്റെ പ്രത്യേക ‘ഇക്കണോമിക് ഒഫന്‍സ് വിങ്ങാണ് ‘ഇനി രംഗത്തുണ്ടാകുക. സംസ്ഥാന പൊലീസ് മേധാവിക്ക് കീഴില്‍ പൊലീസ് ആസ്ഥാനത്ത് നിന്നു തന്നെയാകും ഇതിന്റെ പ്രവര്‍ത്തനവും നിയന്ത്രിക്കുക.

ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയുടെ നേതൃത്വത്തില്‍ നോര്‍ത്ത്, സൗത്ത് മേഖലകളില്‍ ഡിഐജിമാരുടെ നേതൃത്വത്തിലും നാല് റേഞ്ചുകളിലെ എസ്പിമാരുടെ നേതൃത്വത്തിലും ഇക്കണോമിക്ഒഫന്‍സ് വിങ്ങിന് ഓഫീസുകളുണ്ടാകും. സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വലിയ രൂപത്തില്‍ വര്‍ധിക്കുന്നതിനാലാണ് പുതിയ അന്വേഷണ വിഭാഗം രൂപീകരിക്കുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് തന്നെയാണ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്.

ഇ-കൊമേഴ്‌സ് സജീവമായതോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വ്യാപകമായാണ് നടക്കുന്നത്. എടിഎം തട്ടിപ്പുകളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നൈജീരിയ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പല തട്ടിപ്പുകളും അരങ്ങേറുന്നത്. വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ചുള്ളതും സ്വകാര്യ ചിട്ടി, ബ്ലേഡ് പലിശ തട്ടിപ്പുകളും ദിനം പ്രതി സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിന് ശാശ്വതമായ ഒരു പരിഹാരമാണ് പൊലീസ് ആസ്ഥാനത്തെ ഉന്നതര്‍ ലക്ഷ്യമിടുന്നത്.

നേരത്തേ ക്രൈംബ്രാഞ്ചിന് കീഴില്‍ ‘ഇക്കണോമിക് ഒഫന്‍സ് വിങ്’ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഫലപ്രദമല്ല. സൈബര്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പരിശീലനം നേടിയ വിഭാഗം വേണമെന്ന ആവശ്യം ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തന്നെ മുന്‍പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്. പൊലീസ്, ജയില്‍ പരിഷ്‌കരണത്തിനുള്ള ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരും ഇതേ നിര്‍ദ്ദേശം തന്നെയാണ് മുന്നോട്ട് വച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഓണ്‍ലൈന്‍ വ്യാപാരത്തിലെ കുറ്റകൃത്യങ്ങള്‍, എടിഎം തട്ടിപ്പ്, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ്, ഓഹരികമ്പോളത്തിലെ കബളിപ്പിക്കല്‍, സ്വകാര്യ ചിട്ടി തട്ടിപ്പ്, ബ്ലേഡ് പലിശ തുടങ്ങിയവയാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇക്കണോമിക് ഒഫന്‍സ് വിങ് അന്വേഷിക്കുക.

കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കുന്നതില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ ബോധവല്‍ക്കരണത്തിലും കേരള പൊലീസ് തന്നെയാണ് ഏറെ മുന്നില്‍. ഈ മേഖലയില്‍ മറ്റൊരു നേട്ടവും കേരള പൊലീസ് കരസ്ഥമാക്കിയിട്ടുണ്ട്. പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടെന്ന നേട്ടമാണ് കേരള പൊലീസ് കൈവരിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സ്‌റ്റേറ്റ് പൊലീസ് ഫെയ്‌സ്ബുക് പേജ് എന്ന നേട്ടവും കേരള പൊലീസിന് മാത്രം അവകാശപ്പെട്ടതാണ്.

മുംബൈ പൊലീസിനെയും ബംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ മുന്നേറ്റം. രാജ്യാന്തരതലത്തില്‍ ഇന്റര്‍പോളിന്റെയും ന്യൂയോര്‍ക്ക് പൊലീസിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പിന്തുടരുന്നത് അഞ്ചു ലക്ഷത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ്. 2018ല്‍ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യല്‍ മീഡിയ സെല്ലിന്റെ കീഴില്‍ പൊലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ വലിയ ജനപ്രീതിയാണ് പിടിച്ചു പറ്റിയിരിക്കുന്നത്.

Top