സിബിഐയെയും ഇഡിയെയും സൂക്ഷിക്കുക; തെലങ്കാന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ഹൈദരാബാദ്: തെലങ്കാനയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ പിടിമുറുക്കന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ടിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. ബിജെപി നേതാക്കൾ ടിആർഎസ് എംഎൽസി കവിതയുടെ പേര് ദില്ലി മദ്യ കുംഭകോണവുമായി ബന്ധപ്പെടുത്തിയതിന് പിന്നാലെ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലോ ഇടപാടുകളിലോ ഏർപ്പെടരുതെന്ന് മന്ത്രിമാർ, എംഎൽഎമാർ, എംഎൽസികൾ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേന്ദ്ര സർക്കാർ ടിആർഎസ് നേതാക്കളെ കേസിൽ കുടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനാൽ രാജ്യത്തോ വിദേശത്തോ മറ്റുള്ളവർ നടത്തുന്ന സാമ്പത്തികമോ മറ്റ് ഇടപാടുകളോ സംബന്ധിച്ച യോഗങ്ങളിൽ പങ്കെടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൈദരാബാദിലെ ഏതാനും സ്ഥാപനങ്ങളിൽ ഐടി നടത്തിയ റെയ്ഡുകളും ചർച്ചയായി.

സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം മതത്തിന്റെയും സ്വാർത്ഥ രാഷ്ട്രീയ താൽപര്യങ്ങളുടെയും പേരിൽ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. എരവേലിയിലെ ഫാംഹൗസിൽ നടന്ന യോഗത്തിലാണ് മന്ത്രിമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടന്നത്. വാറങ്കലിൽ നടത്തിയ പദയാത്രയ്ക്കിടെ സംസ്ഥാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് അറസ്റ്റിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

Top