ബെവ്ക്യൂ ആപ്പ് വീണ്ടും തകരാറില്‍; ബെവ്‌കോയ്ക്ക് വീണ്ടും നഷ്ടം

തിരുവനന്തപുരം: മദ്യവിതരണത്തിന് ബെവ്‌കോ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായതോടെ ബിവറേജസ് കോര്‍പ്പറേഷന് വീണ്ടും നഷ്ടം. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്റെ മിക്ക ഷോപ്പുകളിലും ടോക്കണ്‍ കുറവായതോടെ കച്ചവടം ഇടിഞ്ഞു. ഉച്ചവരെ 100-120 ടോക്കണുകളാണ് നല്‍കിയത്.

പിന്‍കോഡ് അടിസ്ഥാനമാക്കി ബുക്കിങ് വീതംവച്ചപ്പോള്‍ കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്ക് ബുക്കിങ് വീണ്ടും കുറഞ്ഞു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആപ്പ് നിര്‍മിച്ചവരോട് തകരാര്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഷോപ്പുകളില്‍ നല്‍കിയ ടോക്കണുകളില്‍ മദ്യം വാങ്ങാനെത്തേണ്ട സമയം രേഖപ്പെടുത്തിയിരുന്നില്ല. ഇത്തരം കൂപ്പണുകളുമായി വരുന്നവര്‍ക്ക് മദ്യം നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

അതേസമയം, മിക്ക ബാറുകളിലും നല്ല തിരക്കായിരുന്നു. ബെവ്ക്യൂ ആപ്പ് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുന്നതായി അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കിയിട്ടുണ്ട്. വൈകാതെ ആപ്പ് പിന്‍വലിക്കാനുമിടയുണ്ട്. തിരക്ക് ഒഴിവാക്കാനുള്ള താത്കാലികസംവിധാനം മാത്രമാണ് മൊബൈല്‍ ആപ്പെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുസംഭവിച്ചിട്ടുണ്ട്. ദിവസം നാലരലക്ഷം ടോക്കണാണ് ആദ്യ ദിവസങ്ങളില്‍ നല്‍കിയിരുന്നത്. ശനിയാഴ്ച 2.5 ലക്ഷം ടോക്കണാണ് നല്‍കിയത്.

Top