ബെവ്‌കോ പുറത്തിറക്കുന്ന ആപ്പിന് വ്യാജന്‍; അന്വേഷിക്കുമെന്ന് ഡിജിപി

കണ്ണൂര്‍: ബെവ്‌കോ പുറത്തിറക്കുന്ന മദ്യവില്‍പ്പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ വ്യാജന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍. സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വ്യാജ ആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബവ്‌കോ മാനേജിങ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബെവ്‌കോയുടെ ഔദ്യോഗിക ആപ്പ് പ്ലേ സ്റ്റോറില്‍ വരും മുന്‍പേ വ്യാജന്‍ ഡൗണ്‍ലോഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു.

‘ബെവ് ക്യൂ ബെവ്‌കോ ഓണ്‍ലൈന്‍ ബുക്കിങ് ഗൈഡ്’ എന്നപേരിലുള്ള ആപ്പ് ഇതിനകം അന്‍പതിനായിരത്തിലധികം പേരാണു ഡൗണ്‍ലോഡ് ചെയ്തത്. ഇന്‍സ്റ്റാള്‍ ചെയ്തുശേഷമാണ് സംഗതി വ്യാജനാണെന്നു പലരും മനസ്സിലാക്കിയത്. മദ്യം കിട്ടില്ലെന്നു തിരിച്ചറിഞ്ഞതിന്റെ നിരാശ ആപ്പിന്റെ റേറ്റിങ്‌സ് ആന്‍ഡ് റിവ്യൂ പേജില്‍ ഇവര്‍ തീര്‍ത്തിട്ടുമുണ്ട്.

Top