ഓണക്കാലത്ത് മദ്യത്തിന് റെക്കോര്‍ഡ് വില്‍പനയെന്ന് ബെവ്കോ

കൊച്ചി: ഓണക്കാലത്ത് ബെവ്‌ക്കോയില്‍ റിക്കോര്‍ഡ് മദ്യ വില്‍പ്പന. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് 440 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.

ഉത്രാടദിനമായ ഇന്നലെ മാത്രം 71 കോടി രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.

411.14 കോടിയായിരുന്നു കഴിഞ്ഞ അത്തം തുടങ്ങി ഉത്രാടം വരെയുള്ള വില്‍പ്പന. ഈ വര്‍ഷം ഇതേ കാലത്തെ വില്‍പ്പന 440.60 കോടിയാണ്. അതായത് 29.46 കോടിയുള്ള വര്‍ധന. ഉത്രാട ദിനത്തില്‍. 71.17 കോടിയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചത്. കഴിഞ്ഞ ഉത്രാടദിനത്തേക്കാള്‍ 11.66 കോടി രൂപയുടെ വര്‍ധനവ്. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.

ഔട്ട് ലെറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും വലിയ കെട്ടിടങ്ങളിലേക്ക് ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ മാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല ബെവ്‌ക്കോയുടെ ലാഭശതമാനം 24 ശതമാനത്തില്‍ നിന്നും 29 ശതമാനമായി ഉയര്‍ത്തി. ഇതെല്ലാം വരുമാന വര്‍ധനക്ക് കാരണമായിട്ടുണ്ട്. തിരുവോണ- അവിട്ട ദിവസങ്ങളുടെ കണക്കുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധവാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബാറുകള്‍ ഇത്തവണ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ബെവ്‌കോ വഴിയുള്ള മദ്യ വില്‍പ്പനയെ ബാധിച്ചിട്ടില്ല.

Top