നീണ്ട നിര ഒഴിവാക്കാന്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ബെവ് കോ

തിരുവനന്തപുരം: നിലവിലുള്ള മദ്യവില്‍പന കേന്ദ്രങ്ങളിലെ നീണ്ട നിര ഒഴിവാക്കാന്‍ വില്‍പന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്നു ബിവ്‌റേജസ് കോര്‍പറേഷന്‍. നിലവില്‍ 270 ഔട് ലെറ്റുകളാണ് കോര്‍പറേഷന്റേതായി സംസ്ഥാനത്തുളളത്. മദ്യവില്‍പനകേന്ദ്രങ്ങളിലെ നീണ്ടനിര പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തിരക്കു നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ ജീവനക്കാര്‍ കോര്‍പറേഷനില്ല. കൂടുതലായി നിയമിക്കുന്നത് അധിക ബാധ്യതയുണ്ടാക്കും. ഇതു കണക്കിലെടുത്താണ് ഔട് ലെറ്റുകളുടെ എണ്ണം കൂട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ. ഓരോ വര്‍ഷവും പത്തു ശതമാനം ഔട് ലെറ്റുകള്‍ വീതം പൂട്ടണമെന്ന യുഡിഎഫ് സര്‍ക്കാര്‍ തീരുമാനവും ദേശീയപാതയോരത്തു മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയും കാരണം അറുപത് ഔട് ലെറ്റുകളാണു മൂന്നരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു പൂട്ടിയത്. ഇതിനു പകരമായി പുതിയതു തുറക്കണമെന്നും കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top