വെര്‍ച്വല്‍ ക്യൂ ആപ്പിന് പ്ലേ സ്റ്റോര്‍ അനുമതി തേടി ബവ്‌കോ

LIQOUR

തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പ്പറേഷന്റെ വെര്‍ച്വല്‍ ക്യൂ ആപ്പ് പിശകുകള്‍ തിരുത്തി പ്ലേ സ്റ്റോര്‍ അനുമതിക്കായി വീണ്ടും ഗൂഗിളില്‍ അപ്ലോഡ് ചെയ്തു. ഗൂഗിളിന്റെ അനുമതി ലഭിച്ചാല്‍ സുരക്ഷാ പരിശോധനകള്‍ക്കും ലോഡിങ് പരിശോധനകള്‍ക്കും ശേഷം ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകും.

സാധാരണനിലയില്‍ ഗൂഗിളിന്റെ അനുമതി ലഭിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കാറുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബവ്‌കോ.

അനുമതി ലഭിച്ചാല്‍ ലോഡിങ് ടെസ്റ്റ്, സുരക്ഷാ പരിശോധന എന്നിവയും പൂര്‍ത്തിയാക്കണം. ഹാക്കിങ് അടക്കമുളള പരിശോധനകള്‍ നടത്തും. ഒരു പാട് ആളുകള്‍ ഒന്നിച്ച് പ്രവേശിച്ചാല്‍ ആപ്പ് ഹാങ്ങാകുമോ എന്നത് സംബന്ധിച്ചും പരിശോധന നടത്താനുണ്ട്.

ആപ്പ് മൊബൈലില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല.

ആപ്പിന്റെ സെര്‍വര്‍ അടക്കം എല്ലാ ചെലവുകളും വഹിക്കുന്നത് ബവ്‌റിജസ് കോര്‍പറേഷനാണെന്ന് സ്റ്റാര്‍ട്ട്അപ് മിഷന്‍ അധികൃതര്‍ പറഞ്ഞു.

Top