ഗൂഗിളിന്റെ സാങ്കേതിക അനുമതി ആയില്ല; ബെവ് ക്യൂവിന്റെ ട്രയല്‍ റണ്‍ വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് ഒഴിവാക്കാനായി തുടങ്ങുന്ന ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന്റെ ട്രയല്‍ റണ്‍ വൈകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. ആപ്പിന് ഇതുവരെ സാങ്കേതിക അനുമതി കിട്ടിയില്ല. ട്രയല്‍ നടത്താന്‍ സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്‌കോ പറഞ്ഞു.

അതേസമയം,സംസ്ഥാനത്ത് മദ്യവില്‍പ്പന ശനിയാഴ്ച മുതല്‍ തുടങ്ങിയേക്കുമെന്നാണ് സൂചന. നാലാംഘട്ട ലോക്ഡൗണില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ആപ്പ് പ്രവര്‍ത്തനസജ്ജമാകാത്തതാണ് തടസമായത്. ആപ്പിന് ഗൂഗിളില്‍ നിന്നുളള അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം സുരക്ഷാപരിശോധന പൂര്‍ത്തിയാക്കണം. ഇതിന് ഇനിയും രണ്ട് ദിവസം കൂടിയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തല്‍. അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം സംസ്ഥാനത്തെ 301 ബെവ്‌കോ ഔട്ട് ലെറ്റുകളുടെയും 550 ബാറുകളുടെയും 225 ബിയര്‍ പാര്‍ലറുകളുടെയും വിവരങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്.

വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും ആപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാനാവുമെന്നാണ് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം. പേര്, ഫോണ്‍ നമ്പര്‍, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല. ബാറുകളില്‍ നിന്നും ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങാന്‍ ആപ്പ് ഉപയോഗിക്കാം. ഒരാള്‍ക്ക് പത്തുദിവസം കൊണ്ട് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് വാങ്ങാനാവുക.

Top