കൊറോണ; ബവ്‌കോ ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്ന് തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: ഓരോ ദിവസവും ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് മനുഷ്യനെ മാത്രമല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയേയും ബാധിച്ച് തുടങ്ങി.

ഈ സാഹചര്യത്തില്‍ ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനും ബവ്‌റിജസ് കോര്‍പറേഷനും കത്തു നല്‍കി.

എന്നാല്‍ റാന്നിയിലെ ഔട്ട്‌ലെറ്റ് ഒഴിച്ചുള്ളവ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ അറിയിച്ചു. ദിനംപ്രതി നിരവധി ഉപഭോക്താക്കള്‍ വന്നുപോകുന്നതിനാല്‍ ഈ സാഹചര്യത്തില്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമല്ലെന്നും പി.ഒ.എസ് സംവിധാനം നിലവിലില്ലാത്ത ഔട്ട്‌ലെറ്റുകളില്‍ പണം കയ്യില്‍ വാങ്ങുന്നതിനാല്‍ ഇതു രോഗവ്യാപനത്തിനു കാരണമാകുമെന്നും ഇതെല്ലാം ചൂണ്ടികാട്ടിയാണ് ഔട്ടലെറ്റുകള്‍ താല്ക്കാലികമായി അടച്ചിടണമെന്നു ബവ്‌റിജസ് യൂണിയനുകളുടെ ആവശ്യം.

അതേസമയം,വില്‍പ്പനശാലകളിലുള്ളവര്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മറ്റു ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും കോര്‍പറേഷന് എം.ഡി പറഞ്ഞു. നിലവില്‍ റാന്നി ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് അടച്ചിട്ടുള്ളത്.

Top