ബെവ് ക്യൂ ആപ്പ് റെഡി; നാളെ മുതല്‍ ബുക്കിങ്, വിതരണം വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെ ആപ്പ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ആപ്പ് ഉപയോഗിച്ച് ബുധനാഴ്ച മദ്യം ബുക്ക് ചെയ്യാവുന്നതാണ്. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ സാധിക്കുന്നതുമാണ്.

എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും.

പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല.ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരു തവണ ബുക്ക് ചെയ്താല്‍ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ മദ്യമേ ലഭിക്കൂ. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.

Top