കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ മികച്ച ഗ്രൗണ്ടുകള്‍ തയ്യാറാക്കണം; ഇന്ത്യന്‍ താരം ആഷിഖ്

കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ മികച്ച ഗ്രൗണ്ടുകള്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. രാജ്യാന്തര താരങ്ങള്‍ക്ക് പോലും പരിശീലനം നടത്താന്‍ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനയെ കളിപ്പിക്കാന്‍ കോടികള്‍ ചെലവാക്കുന്നതിന് പകരം പരിശീലന ഗ്രൗണ്ടുകള്‍ തയ്യാറാക്കണം. ഒരുപാട് ഐ.എസ്.എല്‍ കളിക്കാര്‍ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടര്‍ 19യിലുള്‍പ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. എല്ലാവര്‍ക്കും മികച്ച പരിശീലനം ലഭ്യമാക്കാന്‍ നല്ല ഗ്രൗണ്ടുകള്‍ വരണമെന്നും ആഷിഖ് പറഞ്ഞു.

മലപ്പുറത്ത് ആകെ രണ്ട് സ്റ്റേഡിയങ്ങളാണ് ഉള്ളത്, മഞ്ചേരിയും കോട്ടപ്പടിയും ഈ രണ്ട് സ്റ്റേഡിയങ്ങളും ടൂര്‍ണമന്റിനല്ലാതെ തുറക്കില്ല. ഏത് സര്‍ക്കാറാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്ബോളിനെ വളര്‍ത്താന്‍ ശരിക്കും ലക്ഷ്യമിടുന്നെങ്കില്‍ ആദ്യം കളിക്കാര്‍ക്ക് വളര്‍ന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്- ആഷിഖ് വ്യക്തമാക്കി.

Top