സര്‍ഫറാസ് വിരമിച്ച് മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി പിന്‍മാറിയപ്പോള്‍ പകരം ടീമിലെത്തുമെന്ന് കരുതിയ യുവതാരം സര്‍ഫറാസ് ഖാനെ വീണ്ടും തഴഞ്ഞതിനെതിരെ ആരാധകര്‍. സര്‍ഫറാസിന് പകരം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ തിളങ്ങിയ രജത് പാടീദാറിനെയാണ് സെലക്ടര്‍മാര്‍ കോലിയുടെ പകരക്കാരനായി പ്രഖ്യാപിച്ചത്.

ഇങ്ങനെയാണെങ്കില്‍ സര്‍ഫറാസ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരത്തിനുള്ള പുരസ്‌കാരം ഇന്നലെ ബിസിസിഐ പുരസ്‌കാരദാനച്ചടങ്ങില്‍ സര്‍ഫറാസിന് വേണ്ടി പിതാവ് നൗഷാദ് ഖാന്‍ ഏറ്റുവാങ്ങിയിരുന്നു. അതേദിവസമാണ് കോലിയുടെ പകരക്കാരനായി ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സര്‍ഫറാസിന് പകരം രജത് പാടീദാറെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ഇന്ത്യന്‍ ക്യാപ് ആയിരുന്നു സര്‍ഫറാസിന് നല്‍കേണ്ടിയിരുന്ന ഏറ്റവും മികച്ച പുരസ്‌കാരമെന്നായിരുന്നു ഒരു ആരാധകന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാത്തതും മുമ്പ് സെലക്ടര്‍മാര്‍ക്കതിരെ നടത്തിയ പരാമര്‍ശങ്ങളുമാണ് സര്‍ഫറാസിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് അപ്രിയനാക്കിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സര്‍ഫറാസിന്റെ അനുജന്‍ മുഷീര്‍ ഖാന്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുകയാണിപ്പോള്‍.

ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടോ മൂന്നോ സീസണുകളിലായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായിട്ടും സര്‍ഫറാസിന് ഒരിക്കല്‍ പോലും ടെസ്റ്റ് ടീമില്‍ അവസരം നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഇംഗ്ലണ്ട് ലണ്‍സിനെതിരായ ടെസ്റ്റില്‍ സര്‍ഫറാസ് 55 റണ്‍സെടുത്തിരുന്നു. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന സര്‍ഫറാസ് വിരാട് കോലിക്ക് പറ്റിയ പകരക്കാരനാവുമായിരുന്നെങ്കിലും ഒരിക്കല്‍ പോലും സര്‍ഫറാസിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ ഇതുവര തയാറായിട്ടില്ല. വെറും 15 ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച് 790 റണ്‍സ് മാത്രം നേടിയിട്ടുള്ള ധ്രുവ് ജൂറെലിന് പോലും ടെസ്റ്റ് ടീമില്‍ അവസരം നല്‍കുമ്പോള്‍ സര്‍ഫറാസിനെ പോലെ ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാത്തത് ആരാധകരെ രോഷാകുലരാക്കുന്നു.

Top