കൂട്ടപ്പിരിച്ചുവിടലിന് ശേഷം അവധിയെടുത്ത് ബെറ്റർ ഡോട്ട്​​ കോം സി.ഇ.ഒ

വാഷിങ്​ടൺ: ‘ബെറ്റർ ഡോട്ട്​​ കോം’ സി.ഇ.ഒ വിശാൽ ഗാർഗ്​ കമ്പനിയിൽ നിന്നും അവധിയെടുത്തു. ജീവനക്കാർക്ക്​ അയച്ച കത്തിലാണ്​ താൻ കമ്പനിയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന്​ ഗാർഗ്​ അറിയിച്ചത്​. കഴിഞ്ഞയാഴ്ച സൂം മീറ്റിങ്ങിലൂടെ 900 പേരെ ഗാർഗ്​ ബെറ്റർ ഡോട്ട്​​​ കോമിൽ നിന്നും പിരിച്ചുവിട്ടത്​ വലിയ വാർത്തയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ വിമർശനം ശക്​തമായതോടെ സംഭവത്തിൽ മാപ്പ്​ പറഞ്ഞിരുന്നു.

ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ കെവിൻ റയാനാണ്​ കമ്പനിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്​. ബോർഡി​ന്​ മുമ്പാകെ കെവിൻ റയാൻ കമ്പനിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. അതേസമയം, ഗാർഗിന്‍റെ അവധി സംബന്ധിച്ച റോയിട്ടേഴ്‌സ് ചോദ്യത്തോട്​ അടിയന്തരമായി പ്രതികരിക്കാൻ ബെറ്റർ ഡോട്ട്​​ കോം തയാറായിട്ടില്ല.

മോശം പ്രകടനം മൂലമാണ്​ ജീവനക്കാരെ പിരിച്ചു വിട്ടതെന്നായിരുന്നു വിശാൽ ഗാർഗിന്‍റെ വിശദീകരണം. 2016ലാണ്​ ബെറ്റർ ഡോട്ട്​​​ കോമിന്​ തുടക്കം കുറിക്കുന്നത്​. ഇൻഷൂറൻസ്, റിയൽ എസ്​റ്റേറ്റ്​ മേഖലയിലാണ്​​ പ്രധാനമായും ബെറ്റർ ഡോട്ട്​​​ കോം പ്രവർത്തിക്കുന്നത്​​.

Top