അറബ് ലോകത്തെ മികച്ച പാസ്‌പോര്‍ട്ട് യുഎഇയുടേത്‌

ദുബായ്: അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടായി യുഎഇ പാസ്‌പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റിന്റെയും ഖത്തറിന്റെയും പാസ്‌പോര്‍ട്ടുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആഗോള കണ്‍സല്‍ട്ടിംഗ് കമ്പനിയായ നൊമാഡ് കാപിറ്റലിസ്റ്റിന്റെ പാസ്‌പോര്‍ട്ട് സൂചിക റിപ്പോര്‍ട്ട് പ്രകാരമാണിത്.

ആഗോളതലത്തിലെടുത്താല്‍ യുഎഇ പാസ്‌പോര്‍ട്ട് 38ഉം കുവൈറ്റ് പാസ്‌പോര്‍ട്ട് 97ഉം ഖത്തര്‍ 98ഉം സ്ഥാനങ്ങളിലാണ്. ഖത്തര്‍ കഴിഞ്ഞാല്‍ അറബ് ലോകത്തെ മികച്ച പാസ്‌പോര്‍ട്ട് ഒമാന്റെതാണ്. ആഗോള തലത്തില്‍ 103 ആണ് ഒമാന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം. 105 സ്ഥാനത്തുള്ള ബഹ്‌റൈന്‍ ആണ് തൊട്ടുപിറകില്‍. കുവൈത്തി പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ 96 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഏജന്‍സി കണ്ടെത്തി.

199 അന്താരാഷ്ട്ര പാസ്‌പോര്‍ട്ടുകള്‍ പഠന വിധേയമാക്കിയാണ് നൊമാഡ് കാപിറ്റലിസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ലക്‌സംബര്‍ഗിന്റേതാണ്. സ്വീഡന്‍, അയര്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകില്‍. വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം, അന്താരാഷ്ട്ര നികുതി നിയമങ്ങള്‍, വികസനം, ഇരട്ട പൗരത്വം, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്‌ ‌നൊമാഡ് കാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് സൂചിക തയ്യാറാക്കിയിരിക്കുന്നത്.

 

Top