കേരളത്തിനു പുറമെ 96 സീറ്റുകളിലെ വോട്ടെടുപ്പും ഇന്ന് നടക്കും

ന്യൂഡല്‍ഹി : കേരളത്തിനു പുറമെ 96 സീറ്റുകളിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. പന്ത്രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്.ബിജെപി അധ്യക്ഷൻ അമിത് ഷാ, മുലായം സിങ്ങ് യാദവ്, വരുണ്‍ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ ഘട്ടത്തിൽ ജനവിധി തേടും.

ഉത്തര്‍പ്രദേശിലെ പത്ത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുലായംസിങ് യാദവ് മത്സരിക്കുന്ന മായിന്‍പുരി, വരുണ്‍ ഗാന്ധി മത്സരിക്കുന്ന പിലിബിത്ത് തുടങ്ങിയവാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഈ ഘട്ടത്തില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗാന്ധിനഗര്‍ ലോക്സഭാ സീറ്റില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ജനവിധി തേടും. മഹാരാഷ്ട്രയിലെ പതിനാല് സീറ്റുകളിലാണ് മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ ബാരമതിയില്‍ നിന്ന് ഈ ഘട്ടത്തില്‍ ജനവിധി തേടും.

ഒഡീഷയിലെ 42 അസംബ്ലി സീറ്റുകളിലും ഇതൊടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സുരക്ഷാപ്രശ്നങ്ങളാല്‍ മാറ്റിവെച്ച ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പും ഈ ഘട്ടത്തില്‍ നടക്കും. കര്‍ണ്ണാടകയില്‍ അവസാനഘട്ടത്തില്‍ 14 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് . ബംഗാള്‍ ,ജമ്മുകശ്മീരിലെ അനന്ത്നാഗ്, ഗോവ, ദാമന്‍ദിയു, നാഗര്‍ഹവേലി, അസം തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

Top