ലോകത്തിലെ അതിസമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ബെര്‍നാഡ് അര്‍നോള്‍ട്ട്

പാരീസ്: ഫ്രാന്‍സില്‍ നിന്നുള്ള ഫാഷന്‍ രംഗത്തെ അതികായന്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാമതെത്തി. 186.3 ബില്യണ്‍ ഡോളറാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി.

ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണയേര്‍സ് പട്ടിക പ്രകാരമാണിത്. ആമസോണിന്റെ ജെഫ് ബെസോസിനേക്കാള്‍ 300 ദശലക്ഷം ഡോളറാണ് ബെര്‍നാര്‍ഡിന് അധികമായുള്ളത്. ജെഫ് ബെസോസിന്റെ ആസ്തി 186 ബില്യണ്‍ ഡോളറാണ്.

ടെസ്ല സിഇഒ ഇലോണ്‍ മുസ്‌കാണ് മൂന്നാമത്. ഇദ്ദേഹത്തിന് 147.3 ബില്യണ്‍ ഡോളറാണ് ആസ്തി. 72 വയസുകാരനാണ് അര്‍നോള്‍ട്ട്. 2020 മാര്‍ച്ച് മാസത്തില്‍ ഇദ്ദേഹത്തിന്റെ ആസ്തി വെറും 76 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അവിടെ നിന്നാണ് 186.3 ബില്യണ്‍ ഡോളറിലേക്ക് അദ്ദേഹം വളര്‍ന്നത്.

14 മാസം കൊണ്ട് 110 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. മഹാമാരിക്കാലത്ത് അദ്ദേഹത്തിന്റെ ലൂയിസ് വ്യുട്ടണ്‍ മൊയറ്റ് ഹെന്നെസി കമ്പനി വന്‍ വളര്‍ച്ചയാണ് നേടിയത്. ഫെന്റി, ക്രിസ്റ്റ്യന്‍ ഡിയോര്‍, ഗിവെന്‍ഷി തുടങ്ങിയ ഉപബ്രാന്റുകളും പ്രധാന കമ്പനിക്ക് കീഴിലുണ്ട്.

തിങ്കളാഴ്ച ഇവരുടെ ഓഹരികള്‍ 0.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ വിപണി മൂലധനം 320 ബില്യണ്‍ ഡോളറിലേക്ക് എത്തി. അര്‍നോള്‍ട്ടിന്റെ വ്യക്തിഗത ആസ്തിയില്‍ 600 ദശലക്ഷം ഡോളറിന്റെ വര്‍ധനവും ഇന്ന് രേഖപ്പെടുത്തി.

 

Top