ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്‌സലോണയുടെ പെണ്‍പടക്ക്

എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മിന്നും വിജയം കാഴ്ചവെച്ച് ബാഴ്‌സലോണയുടെ പെണ്‍പുലികള്‍. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കിരീടം ആദ്യമായി ബാഴ്‌സലോണ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ ചെല്‍സിയെ 0-4 തോല്‍പിച്ചു കൊണ്ടാണ് ബാഴ്‌സലോണ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ബാഴ്‌സലോണ ഗോള്‍ നേടി. തുടക്കത്തില്‍ തന്നെ ലഭിച്ച ഗോള്‍ ബാഴ്‌സലോണക്ക് കളിയില്‍ പൂര്‍ണ്ണ നിയന്ത്രണം നല്‍കി.

പതിനാലാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ബാഴ്‌സലോണ രണ്ടാം ഗോളും നേടി. പെനാള്‍ട്ടി കിക്കെടുത്ത ക്യാപ്റ്റന്‍ പുടലസിന് ഒട്ടും പിഴച്ചില്ല. ഇരുപതാം മിനുട്ടില്‍ ഐതാന ബൊന്മാടിയിലൂടെ ബാഴ്‌സ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 36ആം മിനുട്ടില്‍ ലൈക മെര്‍ടന്‍സിന്റെ ക്രോസില്‍ നിന്ന് ഒരു ടാപിന്നിലൂടെ ഗ്രഹാം ഹാന്‍സണ്‍ ബാഴ്‌സലോണയുടെ നാലാം ഗോളും നേടി. ബാഴ്‌സലോണയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ലിയോണിനോട് പരാജയപ്പെട്ട് കിരീടം നഷ്മായതിന്റെ സങ്കടമാണ് ബാഴ്‌സലോണ ഇന്നത്തെ വിജയത്തോടെ തീര്‍ത്തത്.

Top