മെഴ്‌സിഡസ് ബെന്‍സ് തൊഴിലാളികളെ പിരിച്ച് വിടുന്നു! മാറ്റത്തിന്റെ പാതയിലേക്കോ?

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് തൊഴിലാളികളെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ആഗോള തലത്തില്‍ തന്നെ പതിനായിരത്തോളം തൊഴിലാളികളെയാണ് കമ്പനി പിരിച്ച് വിടാന്‍ പോകുന്നത്. ഇലക്ട്രോണിക് കാര്‍ നിര്‍മാണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഈ വിവരം പുറം ലോകത്തെ അറിയിച്ചത് ഡെയിംലര്‍ എച്ച്ആര്‍ മേധാവി വില്‍ഫ്രെയിഡ് പോര്‍ത്താണ്. കാര്‍ വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിലൂടെയാണ് കടന്നുപോവുന്നത്. ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന് കമ്പനിക്ക് വന്‍ നിക്ഷേപം കണ്ടെത്തണം. ഇതിനായി 2022 ഓടെ ജീവനക്കാരുടെ ചെലവില്‍ പതിനൊന്നായിരം കോടി രൂപയുടെ കുറവ് വരുത്താനാണ് തീരുമാനം.

മാനേജ്മെന്റ് നിയമനങ്ങളില്‍ 10 ശതമാനത്തിന്റെ കുറവ് കൊണ്ടുവരാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് വില്‍ഫ്രെയിഡ് പോര്‍ത്ത് അറിയിച്ചു. 17 രാജ്യങ്ങളിലായി മൂന്ന് ലക്ഷം തൊഴിലാളികളാണ് മെഴ്‌സിഡസ് ബെന്‍സിനായി ജോലി ചെയ്യുന്നത്. ആഡംബര കാര്‍ നിര്‍മാണ രംഗത്തെ വമ്പന്‍മാരായ ഔഡിയും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ 9,500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.

Top