രണ്ടാം പിണറായി സര്‍ക്കാരിന് ഏല്‍ക്കുന്ന ആദ്യ പ്രഹരമാകും തൃക്കാക്കര തെരഞ്ഞെടുപ്പ് വിധിയെന്ന് ബെന്നി ബഹനാന്‍

കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പി ടി തോമസിന് ഉചിതമായ പിന്‍ഗാമിയുണ്ടാകുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന് ഏല്‍ക്കുന്ന ആദ്യ പ്രഹരമാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിധി.

ചിലപേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു എന്നതിനപ്പുറത്തേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് ഇരു മുന്നണികളും കടന്നിട്ടില്ല. ഉഷ തോമസ്, ടോണി ചമ്മണി, ദീപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്റേഷന്‍, വി.ടി ബല്‍റാം എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.

പി.ടി തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ചില അടുത്ത സുഹൃത്തുക്കള്‍ പ്രധാനപ്പെട്ട നേതാക്കളോട് ഉഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ ചര്‍ച്ചകള്‍ നടന്നു എന്നതല്ലാതെ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.

ഉഷാ തോമസും ഇത് സംബന്ധിച്ച അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് സുരക്ഷിതമായ സീറ്റായാണ് തൃക്കാക്കര വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ മത്സരിക്കാന്‍ എറണാകുളത്തെ പല പ്രമുഖ നേതാക്കളും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അവസാന നാളുകളില്‍ പി.ടി എ ഗ്രൂപ്പുകാരന്‍ ആയിരുന്നില്ലെങ്കില്‍ പോലും എ ഗ്രൂപ്പിന്റെ സീറ്റായാണ് തൃക്കാക്കരയെ കണക്കാക്കുന്നത്. എന്നതിനാല്‍ തന്നെ, എ ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കളും സീറ്റില്‍ കണ്ണുവച്ചിട്ടുണ്ട്.

Top