ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ അറിയിച്ചില്ല; കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിനോട് ചേര്‍ന്നുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ബെന്നിച്ചന്‍ തോമസ് ഐഎഫ്എസിനെ സസ്‌പെന്‍ഡ് ചെയ്തത് കേന്ദ്രം അറിയാതെ. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡര്‍ അതോറിറ്റിയായ കേന്ദ്രത്തിന് സസ്‌പെന്‍ഷനിലേക്കു നയിച്ച കാരണങ്ങള്‍ അറിയില്ലെന്നും, എത്രയും വേഗം ഇതു സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാനും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് എ.കെ. മൊഹന്തി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

24നാണ് കേന്ദ്രം കത്തയച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെങ്കിലും അത് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കണം.

നവംബര്‍ 11ന് ആണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ബെന്നിച്ചന്‍ തോമസ് അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചെന്നും, സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവര്‍ത്തിച്ചെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

Top