ഇസ്രായേലിൽ വീണ്ടും ഭരണപ്രതിസന്ധി​: നെതന്യാഹുവിന് കേവല ഭൂരിപക്ഷമില്ല

ജെറുസലേം: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ 90 ശതമാനത്തിനടുത്ത് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രി. യാഥാർഥ ചിത്രം ലഭിക്കാൻ അവസാന ഫലം വരെ കാത്തിരിക്കണമെങ്കിലും ഭരണപ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് റിപ്പോർട്ട്.

നെതന്യാഹുവിന്‍റെ ലികുഡ് പാർട്ടി 30 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ പാർലമെന്‍റിൽ കേവല ഭൂരിപക്ഷമായ 61 സീറ്റ് ലഭിക്കാൻ ഘടകക്ഷികളുടെ സീറ്റുകൾ തുണക്കുമോയെന്ന കാത്തിരിപ്പിലാണ് ഭരണസഖ്യം. പ്രതിപക്ഷത്തെ കക്ഷികളുടെ കൂടെ പിന്തുണ തേടിയാൽ മാത്രമാകും നെതന്യാഹുവിന് ഭരണത്തിൽ തുടരാൻ കഴിയുക. എന്നാൽ ഇത് എത്രമാത്രം വിജയകരമായിരിക്കും എന്നാണ് അന്താരാഷ്ട്ര വൃത്തങ്ങൾ നോക്കി കാണുന്നത്.

ഇസ്രായേലിന്‍റെ ചരിത്രത്തിൽ ദീർഘകാലം പ്രധാനമന്ത്രി പദം അലങ്കരിച്ച റെക്കോഡിനുടമയാണ് നെതന്യാഹു. തന്‍റെ ലിക്കുഡ് പാർട്ടി വീണ്ടും ഭരണത്തിലെത്തുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് രണ്ട് വർഷത്തിനിടെ നടക്കുന്ന നാലാമത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പാണ് ഇത്.

പ്രതിപക്ഷ നേതാവ്‌ യായിർ ലാപിഡ്‌, മുൻ വിദ്യാഭ്യാസ മന്ത്രി ഗിഡിയോൺ സാർ, എന്നിവരാണ്‌ മത്സര രംഗത്തുള്ള പ്രധാന എതിരാളികൾ. യെഷ് ആദിദ് പാര്‍ട്ടിയുടെ നേതാവും, മുന്‍ ധനകാര്യ മന്ത്രിയും ടെലിവിഷന്‍ അവതാരകനുമാണ് യായിർ ലാപിഡ്. നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി ന്യൂ ഹോപ് പാര്‍ട്ടി രൂപീകരിച്ച വ്യക്തിയാണ് ഗിഡിയോണ്‍ സാർ.

Top